ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള സംഘടിത ആക്രമണം ഭാരതത്തിൽ വർധിക്കുന്നു : കത്തോലിക്ക കോൺഗ്രസ്


ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള സംഘടിത ആക്രമണം ഭാരതത്തിൽ വർധിക്കുന്നു : കത്തോലിക്ക കോൺഗ്രസ്    
 കൊച്ചി: ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള സംഘടിത ആക്രമണം ഭാരതത്തിൽ വർധിച്ചുവരുന്നതായി കത്തോലിക്ക കോൺഗ്രസ്   പ്രസിഡണ്ട് അഡ്വ.ബിജു പറയന്നിലം. ഇന്ന് കൊച്ചിയിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് ഭാരവാഗികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മതപരിവർത്തനമെന്ന് വ്യാജ ആരോപണം ഉന്നയിച്ച് കർണാടകയിലെ കോതമംഗലം ആസ്ഥാനമായുള്ള മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ മാണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് നേരെ നടന്ന ആക്രമണം ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അവസാന ഉദാഹരണമായാണ്.എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളിലും സൂക്ഷിക്കാറുള്ള ബൈബിൾ, കുരിശ് രൂപങ്ങൾ, മറ്റ് ആത്മീയ പുസ്തകങ്ങൾ തുടങ്ങിയവ ബലമായി കൈക്കലാക്കി പ്രദർശിപ്പിച്ചാണ് അക്രമകാരികൾ മതപരിവര്ത്തന ആരോപണമുന്നയിച്ചു ആക്രമണം നടത്തിയത്. ഏകദേശം മുപ്പതോളം അക്രമകാരികൾ പി.ആർ.ഒ.യുടെ മുറിയിലേക്ക് ഇരച്ചു കയറുകയും, അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയുമായിരിന്നുവെന്ന് സന്യാസിനി സമൂഹം അറിയിച്ചു. സംഭവം നടക്കുന്ന കൃത്യ സമയത്ത് പ്രാദേശിക ചാനലുകാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവര് എത്തിയിരിന്നുവെന്നത് വിഷയത്തിലെ ഗൂഡാലോചന വ്യക്തമാക്കുകയാണ്.
ഈ  ആക്രമണം ഭരണകൂടങ്ങൾ  അറിഞ്ഞുകൊണ്ടുള്ള ആക്രമണം ആണെന്നും ഇത്തരം സംഘടിത അക്രമങ്ങൾ ഭാരതത്തിൽ വിവിധ ഭാഗങ്ങളിൽ  വർധിച്ചു വരുന്നതിൽ കടുത്ത ആശങ്ക ഉണ്ടെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി .  യോഗത്തിൽ ഡയറക്ടർ ഫാ.ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ.ടോണി പുഞ്ചക്കുന്നേൽ, ട്രഷർ പി.ജെ. പാപ്പച്ചൻ സെക്രട്ടറിമാരായ ബെന്നി ആന്റണി , ആന്റണി എൽ. തൊമ്മാന, രൂപത പ്രസിഡൻറുമാരായ ഫ്രാൻസീസ്  മൂലൻ, ഐപ്പച്ചൻ തടിക്കാട്ട് , എന്നിവർ പ്രസംഗിച്ചു.