കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കാത്തപക്ഷം ശക്തമായ പ്രതിഷേധമുണ്ടാകും: അഡ്വ. ബിജു പറയന്നിലം


കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കാത്തപക്ഷം ശക്തമായ പ്രതിഷേധമുണ്ടാകും: അഡ്വ. ബിജു പറയന്നിലം
 
കാർഷിക ഉല്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ച്  സംഭരിക്കുന്ന സമീപനം സർക്കാരിന്റെ  ഭാഗത്തുനിന്നും ഉണ്ടാകുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കാർഷിക അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്തോലിക്കാ കോൺഗ്രസ് സംസ്ഥാനതല നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.
കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ അടിയന്തരമായ സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്നും  കേരളം വീണ്ടും ഒരു പ്രളയതിന്റെ വക്കിൽ നിൽക്കുമ്പോൾ നഷ്ടപെടുന്ന   കൃഷിയുടെ കണക്കുപോലും എടുക്കുവാൻ ഇന്ന് സംവിധാനം ഇല്ലാത്തതു  ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജനറൽ സെക്രട്ടറി അഡ്വ.റ്റോണി പുഞ്ചകുന്നേൽ പയ്യന്നൂർ ടെലിഫോൺ ഭവന് മുൻപിലും  ട്രെഷറർ പി.ജെ. പാപ്പച്ചന്റെ  അധ്യക്ഷതയിൽ   ഗ്ലോബൽ ഡയറക്ടർ ഫാ.ജിയോ കടവി എറണാകുളം സിവിൽ സ്റ്റേഷന് മുൻപിലും സമരം ഉദ്ഘാടനം ചെയ്തു. 
                                     എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും ന്യായമായ തറവില പ്രഖ്യാപിച്ചു സംഭരിക്കുക, റബ്ബറിന് 200 രൂപ തറവില നിശ്ചയിച്ച്,  വിലസ്ഥിരത പദ്ധതിയുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, പൈനാപ്പിൾ,ഏത്തപ്പഴം തുടങ്ങിയാ പഴവര്ഗങ്ങള്ക്കും പച്ചക്കറികൾക്കും, നാണ്യ വിളകൾക്കും തറ വിലപ്രഖ്യാപിച്ചു സംഭരിച്ചില്ലെങ്കിൽ കാർഷിക മേഖല മുന്നോട്ട് പോകുവാനോ, കോവിഡ് മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ അധിജീവിക്കുവാനോ സാധിക്കില്ല. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകന്റെ എല്ലാ കടങ്ങൾക്കു ഒരു വർഷത്തേയ്ക്ക് പലിശ രഹിത  മൊറട്ടോറിയം പ്രഖ്യാപിക്കുക, സ്വർണ്ണപണയത്തിന്മേള്ള  കാർഷികലോൺ തുടരുക, കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാനും കൊല്ലുവാനും ഉള്ള അധികാരം കർഷകന്‌ നൽകുക.വന്യമൃഗ ശല്യം മൂലം ഉണ്ടാകുന്ന കൃഷി നാശത്തിനു നഷ്ടപരിഹാരം നൽകുവാൻ സർക്കാർ ഇൻഷുറൻസ് സ്കീം രൂപപ്പെടുത്തി പ്രീമിയം അടക്കുക. 60 വയസ് കഴിഞ്ഞ എല്ലാ കർഷകനും 10,000/-രൂപ  പെൻഷൻ നൽകുക. കാർഷിക അനുബന്ധ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കമ്മീഷനും പാക്കേജും രൂപപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കേരളത്തിലെ 13 രൂപതകളിലും കേന്ദ്ര-സംസഥാന സർക്കാർ ഓഫീസുകൾക്കു മുൻപിൽ  നിൽപ്പ് സമരം സംഘടിപ്പിച്ചത്.