കർഷക സേവനം സഭയുടെ പ്രേഷിത ശുശ്രൂഷയായി കാണണം : കർദ്ദിനാൾ മാർ ആലഞ്ചേരി*


 
 
കൊച്ചി : നിസ്സഹായരായി  വിഷമിക്കുന്ന  കർഷകരെ കൈപിടിച്ചുയർത്തുവാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും  അത് സഭയുടെ പ്രേഷിത ശുശ്രൂഷയായി  എല്ലാവരും കാണണമെന്നും  സീറോ മലബാർ  സഭ മേജർ ആർച്ച്ബിഷപ്പ്  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോൺഗ്രസ്  ഗ്ലോബൽ സമിതി സംഘടിപ്പിച്ച  "ഏദൻ തോട്ട മത്സരം"  എന്ന സംസ്ഥാന തല അടുക്കള പച്ചക്കറിത്തോട്ട മത്സരത്തിലെ വിജയികൾക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിൽ ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും നൽകി  പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ.  കർഷകർ അസംഘടിതരായതിനാൽ അവർ നിരന്തരമായ ചൂഷണത്തിന് വിധേയരാകുകയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ലാത്തതിനാലും, പ്രകൃതിക്ഷോഭവും, കടബാധ്യതയും   മൂലം  നിരാശരായ കർഷകരെ സർക്കാരും അവഗണി ക്കുന്നു എന്നത് ഖേദകരമാണ്. കർഷകരുടെ അദ്ധ്വാനത്തിനു  ഉതകുന്ന പ്രതിഫലം  ലഭിക്കുന്നുവെന്ന്  ഉറപ്പുവരുത്തുവാൻ  സർക്കാരുകൾക്ക്  ബാധ്യതയുണ്ടെന്നും  കർദ്ദിനാൾ പറഞ്ഞു. ലോക്ക്ഡൗൺ വിജയിപ്പിക്കുവാനും,  വിഷരഹിത പച്ചക്കറി കൃഷി  പ്രോത്സാഹിപ്പിക്കുവാനുമായി  നടത്തിയ ഏദൻ തോട്ട മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളായവരേയും കർദ്ദിനാൾ അഭിനന്ദിച്ചു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുരീയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, സീറോ മലബാർ  സഭ പി.ആർ. ഒ . റവ.ഫാ.എബ്രാഹം കാവിൽപുരയിടത്തിൽ, 
 ട്രഷറർ പി ജെ പാപ്പച്ചൻ  സെക്രട്ടറിമാരായ   ബെന്നി ആന്റണി ,തോമസ് പീടികയിൽ , ഡോ ജോസുകുട്ടി ജെ. ഒഴുകയിൽ
എന്നിവർ പ്രസംഗിച്ചു. ഒന്നാം സമ്മാനമായ 50000 രൂപ ഖത്തറിൽ നിന്നുള്ള ശ്രീ. ഡേവിസ് എടക്കളത്തൂരും ,രാണ്ടാം സമ്മാനമായ 25000 രൂപ ജസ്റ്റിസ് കുര്യൻ ജോസഫും, മൂന്നാം സമ്മാനങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമാണ് സ്പോൺസർ ചെയ്തത്.  ശ്രീ.പി . കെ . അലക്സാണ്ടർ , ലെനു മാത്യു എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങളും 
 ബെസ്സി ബോബൻ ,  ലൂസി ജോർജ്ജ് , സൂസി മാത്യു റെജി റിബി, റിജോഷ് എൻ. ജോസ്, ബാബു ജോസ്, ഡെയ്സി കുര്യൻ,ജോമി ജെയിംസ്, ഫാ. വിൻസന്റ് കളപ്പുരയിൽ എന്നിവർ മൂന്നാം സമ്മാനങ്ങൾക്കും അർഹരായി .