സുപ്രീം കോടതി നടപടി സംസ്ഥാന സർക്കാരിനുള്ള കനത്തപ്രഹരം: കത്തോലിക്ക കോൺഗ്രസ്


സുപ്രീം കോടതി നടപടി സംസ്ഥാന സർക്കാരിനുള്ള കനത്തപ്രഹരം: കത്തോലിക്ക കോൺഗ്രസ്
 
കത്തോലിക്ക കോൺഗ്രസ്‌ കേസിൽ കക്ഷി ചേരും.
 
കൊച്ചി : 80:20 എന്ന നീതിരഹിത അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സംസ്ഥാന സർക്കാർ നൽകിയ  അപ്പീൽ സുപ്രീം കോടതി തള്ളിയ നടപടി സ്വാഗതർഹമാണെന്നും സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുള്ള കനത്ത പ്രഹരമാണെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കേരളത്തിലുടനീളം നവംബർ 7 വഞ്ചനാദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
 
സുപ്രീം കോടതി നടപടി ഇന്ത്യൻ ഭരണഘടനയുടെ അന്തസ് കാക്കുന്നതാണ്.എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.കോടതി വിധി മാനിക്കാതെയും ,  സർവ്വകക്ഷി യോഗത്തിലെ ധാരണക്ക് വിരുദ്ദമായും , കേരളം മുഴുവൻ പ്രളയഭീതിയിലായ അവസരത്തിൽ സുപ്രീം കോടതിയിൽ അപ്പീലിന് പോയതിന് പിന്നിലെ  സർക്കാരിൻ്റെ വിഭാഗീയമായ പ്രീണന നയത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിൻ മേൽ കടന്ന് കയറാൻ ഒരു സർക്കാരിനും അധികാരമില്ല .വിധി അട്ടിമറിക്കാനും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനുമുള്ള സർക്കാരിൻ്റേയും ചില രാഷ്ട്രീയ പാർട്ടികളുടേയും നീക്കം ഭരണഘടനാ വിരുദ്ധമാണ്.ഹൈകോടതി വിധി ഉടൻ നടപ്പിലാക്കണം.ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാൻ സമ്മേളനം തീരുമാനിച്ചു.കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളെ ചേർത്ത് പ്രതിഷേധങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
 
 ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ . ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ച ന്യൂന പക്ഷ അവകാശ നേതൃ സമ്മേളനം ബിഷപ് മാർ റെമിജിയുസ് ഇഞ്ചനാനി ഉത്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജിയോ കടവി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ  ജനറൽ സെക്രട്ടറി  രാജീവ് കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു. ന്യൂനപക്ഷ ആനുകൂല്യ വിതരണ വിഷയത്തിൽ ക്രൈസ്തവ വിവേചനം അനുവദിക്കില്ല എന്ന് യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി.ഭാരവാഹികളായ ജോബി കാക്കശ്ശേരി, ഡോ ജോസകുട്ടി ഒഴുകയിൽ,രാജേഷ് ജോൺ , ബെന്നി ആൻ്റണി, വർഗീസ് ആൻ്റണി , ബേബി 
നെട്ടനാനി , ബേബി പെരുമാലി , ജോസുകുട്ടി മാടപ്പള്ളി , ടെസ്സി ബിജു,ട്രീസ സെബാസ്റ്റ്യൻ,ചാർളി മാത്യു, രൂപതാ പ്രസിഡന്റുമാർ  തുടങ്ങിയവർ പ്രസംഗിച്ചു .