കർഷക, ന്യൂനപക്ഷ അവകാശ പോരാട്ടങ്ങളിൽ കത്തോലിക്ക കോൺഗ്രസിന്റെ ഇടപെടലുകൾ അഭിമാനകരം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി


കൊച്ചി :കർഷക വിഷയങ്ങളിലും ന്യൂനപക്ഷ അവകാശ പ്രശ്നങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തുവാൻ  കത്തോലിക്ക കോൺഗ്രസിന് കഴിഞ്ഞത്  അഭിമാനാർഹമാണെന്നും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കത്തോലിക്ക കോൺഗ്രസ്‌ സമുദായ നേതൃ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 
കാർഷിക പ്രശ്നങ്ങളിൽ ക്രിയാത്മകമായും സമയോചിതമായും ഇടപെടലുകളും , തുടർച്ചയായ പോരാട്ടങ്ങളും നടത്തിയും , സഭയേയും സമുദായത്തേയും ബാധിക്കുന്ന വിഷയങ്ങളിൽ ധീരോചിതമായ നിലപാടുകൾ എടുത്തും 105 വർഷങ്ങൾ പിന്നിടുന്ന കത്തോലിക്ക കോൺഗ്രസ് ഇന്ന് ഏവരും ഉറ്റ് നോക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിട്ടുണ്ട് എന്ന് മാർ ആലഞ്ചേരി പറഞ്ഞു.ബഫർ സോൺ,കാർഷികോൽപ്പന്ന വിലതകർച്ച, കക്കുകളി നാടക പ്രശ്നം തുടങ്ങിയവയിൽ കേരളം മുഴുവൻ നടത്തിയ പ്രതിഷേധങ്ങൾ വിജയിച്ചത് അഭിമാനകരമായ കാര്യമാണ്.
 
രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ കത്തോലിക്ക കോൺഗ്രസ്‌ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് കർദിനാൾ ഓർമിപ്പിച്ചു.
ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കാൻ നിരന്തരം പോരാട്ടങ്ങൾ നടത്തണം.സാംസ്‌കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകാൻ കഴിയണം. സഭയുടെയും സമുദായത്തിന്റെയും മുഖമായി തുടരുവാൻ തുടർന്നും കത്തോലിക്ക കോൺഗ്രസിന് കഴിയട്ടെയെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.
 
കർഷക, വന്യമൃഗ ആക്രമണ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന  5 ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർ ആലഞ്ചേരി നിർവ്വഹിച്ചു.
 
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടറായി ചുമതലയേറ്റ ഫാ.ഡോ. ഫിലിപ്പ് കവിയിലിനെ കർദിനാൾ മാർ ആലഞ്ചേരി അനുമോദിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ , മീഡിയ കൗൺസിൽ കോർഡിനേറ്റർമാർ മാർ ജോർജ്  ആലഞ്ചേരി പിതാവിന്റെ സാനിദ്ധ്യത്തിൽ ചുമതലയേറ്റെടുത്തു
 
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം  അദ്യക്ഷത വഹിച്ച സമുദായ സംഗമത്തിൽ ബിഷപ് ലെഗേറ്റ് മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ , ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ട്രഷറർ ഡോ. ജോബി കാക്കശ്ശേരി ,  ബ്രിസ്റ്റോൾ മേയർ എമിററ്റസ്  ടോം ആദിത്യ , അഡ്വ. പി.റ്റി. ചാക്കോ , ജേക്കബ് ചക്കാത്തറ,ടോമി സെബാസ്റ്റ്യൻ,ഡോ ജോസ്കുട്ടി ഒഴുകയിൽ,രാജേഷ് ജോൺ,ടെസ്സി ബിജു , പ്രൊഫ . കെ. എം . ഫ്രാൻസീസ് , ഫാ. വർഗീസ് കുത്തുർ , ഫാ . ഫ്രാൻസീസ് ഇടവക്കണ്ടം , ഫാ. സബിൻ തൂമുള്ളിൽ, ബെന്നി ആന്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ ഗ്ലാഡിസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. കർഷക പ്രശ്നങ്ങൾക്കും വന്യമൃഗ ആക്രമണ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ സമരം വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.