ഛത്തീസ്‌ഗഡ് ആക്രമണം അപലപനീയം


 
 
കോട്ടയം: ഛത്തിസ്ഗഢിലെ നാരായൺപൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രണങ്ങളെ കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ശക്തമായി അപലപിക്കുകയും  പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു .
 
നാളുകളായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ  തുടർച്ചയായി ക്രൈസ്തവർക്കെതിരെയും  ക്രൈസ്തവ  സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെയും ജനക്കൂട്ട ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെ ഗൂഡാലോചനകൾ പുറത്തു കൊണ്ടുവരണം.
നിരവധി പ്രതിഷേധങ്ങൾ രാജ്യത്തിനകത്തു നിന്നും അന്താരാഷ്ട്ര തലങ്ങളിൽ നിന്ന് പോലും ഉണ്ടായിട്ടും സർക്കാർ ഒരു നടപടിയും എടുക്കാത്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.
 
കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലെ നാരായൺപൂരിൽ പള്ളി ആക്രമിക്കുകയും , ഈശോയുടെയും , മാതാവിന്റെയും തിരുസ്വരൂപങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത് ഒരു കൂട്ടം അക്രമികൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ്. നിരാലംബരായ കന്യാസ്ത്രീകളെയും  വിശ്വാസികളെയും ഉപദ്രവിക്കുകയും ചെയ്തു.ഇത് അങ്ങേയറ്റം വേദനാജനകമാണ്.ആദിവാസി മേഖലയിലും ഗോത്രവർഗ്ഗ മേഖലയിലും വിദ്യാഭ്യാസം നൽകി ആളുകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് പ്രതിഫലേച്ച കൂടാതെ കഠിനാദ്ധ്വാനം ചെയ്യുന്ന മിഷനറിമാർക്കെതിരെ ഇത്തരത്തിലുള്ള ആക്രമങ്ങൾ നടത്തുന്നത്  മതേതര,ജനാധിപത്യ രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണ കക്ഷിയുടെ പിന്തുണയോടു കൂടി കഴിഞ്ഞ കുറെ നാളുകളായി അക്രമികൾക്ക്  അഴിഞ്ഞാടാൻ അവസരം ഒരുക്കിയിരിക്കുന്നത്  അംഗീകരിക്കാനാവില്ല.മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടാൽ അത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുമെന്ന്  തിരിച്ചറിയണം.
നാരായൺപൂരിലെ കത്തോലിക്ക ദേവാലയം ആക്രമിച്ചവർക്കെതിരെ സർക്കാർ അലംഭാവം വെടിഞ്ഞു ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ടു കത്തോലിക്ക കോൺഗ്രസ് പ്രധാന മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം സമർപ്പിച്ചു.
 
പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന പ്രതിഷേധ മീറ്റിംഗിൽ ഡയറക്ടർ ഫാ ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ഡോ ജോബി കാക്കാശ്ശേരി, ഡോ ജോസ്കുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.