ബഫർസോൺ സർവ്വേയിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കരുത്: കത്തോലിക്ക കോൺഗ്രസ്‌.


 
 
കൊച്ചി : ബഫർ സോൺ സർവ്വേയിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കരുതെന്നും ഉപഗ്രഹ മാപ്പ് പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.
 
ഉപഗ്രഹ സർവ്വേ സർക്കാർ നൽകിയ ഉറപ്പുകളുടെ ലംഘനമാണ്. വീടുകളും മറ്റ് കെട്ടിടങ്ങളും സ്ഥാപനങ്ങളും ഈ സർവ്വേ മാപ്പിൽനിന്നും കണ്ടെത്താനാവില്ല. ബഫർ സോൺ പഞ്ചായത്ത്‌ തലത്തിൽ കാണിച്ചിരിക്കുന്നതിനാൽ അതിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം വളരെ കൂടുതലാണ്.ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സങ്കീർണ്ണതകൾ മൂലം വിശദംശങ്ങൾ സാധാരണക്കാർക്കും റവന്യു അധികൃതർക്ക് പോലും മനസിലാക്കാൻ ബുദ്ധിമുട്ടായതിനാൽ വനം വകുപ്പിന്റെ താല്പര്യപ്രകാരം ബഫർ സോൺ നിശ്ചയിക്കപ്പെടാൻ സാധ്യതയുണ്ട്. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ പോലും വീടുകളും കടകളും വ്യക്തമായി തീറ്റിച്ചറിയാമെന്നിരിക്കെ സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഈ മാപ്പിന്റെ നിർമാണത്തിന് പിന്നിൽ കർഷക വിരുദ്ധ താല്പര്യങ്ങളാണെന്ന് വ്യക്തമാണ്. വനം വകുപ്പിന്റെ ജനദ്രോഹനടപടികൾക്ക് സർക്കാരിന് ഉത്തരവാദിത്തമുണ്ട്
 
കൃത്യമായ ഗ്രൗണ്ട് സർവേയുടെ അടിസ്ഥാനത്തിൽ വ്യക്തമായ മാപ്പ് തയ്യാറാക്കുകയും ജനപ്രതിനിധികളും കർഷകരും ഉൾപ്പെടുന്ന സമിതികൾ പ്രാദേശിക തലത്തിൽ വെരിഫിക്കേഷൻ നടത്തുകയും വേണം.അതുവരെ പരാതിപ്പെടാനുള്ള തീയതി നീട്ടുകയും വേണം. കൂടാതെ പരിസ്ഥിതി ലോല മേഖല നിർദ്ദിഷ്ട ദേശീയ ഉദ്യാനങ്ങളുടെ ചുറ്റുമുള്ള റിസേർവ് വനത്തിനുള്ളിലായി നിജപ്പെടുത്താനും നടപടികൾ സ്വീകരിക്കണം. സാധാരണക്കാരായ കർഷക ജനതയുടെ ഭൂമി,പരിസ്ഥിതി സംരക്ഷണത്തിനായി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.കർഷക താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ജനപ്രതിനിധികൾ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഭാരവാഹികൾ പറഞ്ഞു.