ആർച്ച്ബിഷപ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ ടി ജലീലിനെ അറസ്റ്റ് ചെയ്യണം:


 
 
കൊച്ചി : അതിജീവനത്തിനും  നിലനിൽപ്പിനുമായി  പൊരുതുന്ന കർഷകർക്കൊപ്പം നിന്ന് കത്തോലിക്ക കോൺഗ്രസ്‌ പ്രതിഷേധ ജ്വാലയിൽ വെച്ച്, റബ്ബറിന് 300 രൂ വില നൽകണമെന്ന്  ശക്തമായ നിലപാട് എടുത്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ്  പാംപ്ലാനിയെ അധിക്ഷേപിക്കുകയും,ഹീനമായ രീതിയിൽ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും ചെയ്ത  മുൻ സിമി പ്രവർത്തകനും, നിലവിൽ എം എൽ എ യുമായ കെ ടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നു കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ജലീലിനെതിരെ  വധഭീഷണി, വ്യക്തിഹത്യ, രാജ്യദ്രോഹം എന്നീ കുറ്റകൃത്യങ്ങൾ ചുമത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കുവാൻ ബഹു കോടതികൾ സ്വമേധയാ തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.
 
ബി ജെ പി നൽകുന്ന റബറിൻ്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ? എന്ന കെ. ടി. ജലീലിനെപ്പോലെ ഒരു ഭരണകക്ഷി എം എൽ എയുടെ പ്രസ്താവന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉളവാക്കുന്നതാണ്.
ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന  ഭരണകക്ഷിയുടെ കേരളത്തിലെ ഒരു എം എൽ എ ആയ ജലീലിന്റെ തുടർച്ചയായ ഇത്തരം ഭീഷണികളിൽ സി പി എം പാർട്ടിയും മുഖ്യ മന്ത്രിയും നിലപാട് വ്യക്തമാക്കണം.
എം എൽ എ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ട് പരസ്യമായ കലാപത്തിന് ആഹ്വാനം നടത്തിയ കെ ടി ജലീൽ എം എൽ എ സ്ഥാനത്തിന് തന്നെ അപമാനമാണ്.
ബിഷപ് പാമ്പ്ലാനിക്കെതിരെ  ജലീൽ നടത്തിയ അധിക്ഷേപകരമായ വാക്കുകൾ പിൻവലിച്ചു നിരുപാധികം മാപ്പു പറയണം.
ജലീലിലിന്റെ  മുൻകാല സംഘടന പ്രവർത്തനം നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതാണ് എന്നതുകൂടി പരിഗണിക്കുമ്പോൾ വിഷയത്തിന്റെ ഗൗരവം വർധിക്കുന്നു.സ്വർണക്കടത്തിന്റെയും ഡോളർ കടത്തിന്റെയും യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടവരുവാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തിര ഇടപെടൽ നടത്തണം.
 
റബ്ബർ വിലയിടിവും വന്യമൃഗ ആക്രമണ വിഷയങ്ങളും കർഷക പ്രശ്നങ്ങളും പറയുമ്പോൾ അതിന് പരിഹാര നടപടികൾ സ്വീകരിക്കാതെ, ഉന്നയിക്കുന്നവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതാക്കളുടെ വ്യഗ്രത അപഹാസ്യമാണ്. മാർ പാമ്പ്ലാനിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലായെന്നും ശക്തമായ പിന്തുണ നൽകുമെന്നും കത്തോലിക്ക കോൺഗ്രസ്‌ വ്യക്തമാക്കി.
 
പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയി ചേർന്ന നേതൃയോഗത്തിൽ ഡയറക്ടർ ഫാ ജിയോ കടവി,ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശ്ശേരി, ഭാരവാഹികളായ അഡ്വ ടോണി പുഞ്ചക്കുന്നേൽ,ഡോ.ജോസ്‌കുട്ടി ജെ ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ബേബി നെട്ടനാനിയിൽ, മാത്യു കല്ലടിക്കോട്,  ബെന്നി ആന്റണി,വർഗീസ് ആന്റണി,ഐപ്പച്ചൻ തടിക്കാട്ട്,ബെന്നി പുതിയാപുറം തുടങ്ങിയവർ പ്രസംഗിച്ചു .