നിർമാണ നിരോധനത്തിൽ മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കണം:



കൊച്ചി :ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ നിർമാണ നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങൾ കനത്ത ആശങ്കയിലാണെന്നും, ഇത് ഉടൻ പരിഹരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.
 
1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ നടത്തിയിരിക്കുന്ന നിർമാണങ്ങൾ അനധികൃതമാക്കികൊണ്ടും,മുൻപോട്ട് എല്ലാത്തരം നിർമാണങ്ങളും നിരോധിച്ചു കൊണ്ടുമുള്ള 2019 ആഗസ്റ്റ് 22 ലെ കേരള സർക്കാർ ഉത്തരവ് ജന ജീവിതത്തെ പ്രതിസന്ധി ലയിലാക്കിയിരുന്നു. ഈ ഉത്തരവിനെ തുടർന്ന് യാതൊരു നിർമാണ പ്രവർത്തനവും ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ അസാധ്യമായിരിക്കുന്നു.നിർമാണം ആരംഭിച്ചവ പൂർത്തിയാക്കുന്നതിനോ, അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനോ, പുതിയവ നിർമ്മിക്കുന്നതിനോ ഈ മേഖലയിലുള്ളവർക്ക് കഴിയുന്നില്ല. ഈ നിയമം ഇടുക്കി ജില്ല ഉൾപ്പെടെ മലയോര മേഖലയിൽ മാത്രം കൊണ്ടു വന്നത് ദുരുദ്ദേശപരമാണ്.
ഇത് അവസാനിപ്പിക്കണം
 
സർക്കാർ ഉത്തരവിന്റെ പ്രതിസന്ധിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി 1960 ലെ ഭൂ പതിവ് നിയമം ഭേദഗതി ചെയ്ത് 1964 ലെ ചട്ടം തിരുത്തുന്നതിനു ബിൽ ഈ നിയമ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജനകീയ പ്രക്ഷോഭങ്ങളെതുടർന്ന് സർക്കാർ ഉറപ്പു നൽകിയിരിക്കുന്നു.1964 ലെ ചട്ടങ്ങളിൽ കാലാകാലങ്ങളിൽ മാറ്റം വരുത്തുവാൻ 1960 ലെ നിയമത്തിന്റെ ഏഴാം വകുപ്പ്പ്രകാരം കഴിയുമെന്നിരിക്കെ, നിയമ ഭേദഗതി കൂടാതെ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുമെന്നതിനാൽ ചട്ട ഭേദഗതിക്ക് സർക്കാർ തയ്യാറാകണം.നിലവിലുള്ള ചട്ടത്തിൽ കൃഷിക്കും 'അനുബന്ധ' എന്ന് കൂടി ചേർത്താൽ ഈ പ്രശ്ന പരിഹാരമാകും.ഇതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.